ഗാന്ധിഭവൻ

ശിഷ്ടജീവിതം വാര്‍ത്തെടുക്കാന്‍... ഗാന്ധിഭവന്‍ പത്തനാപുരം

അഗതികളുടെ ആശാകേന്ദ്രം

കേരളത്തില്‍ കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം കുണ്ടയം എന്ന ഗ്രാമത്തില്‍ കല്ലടയാറിന്‍ തീരത്താണ് ഗാന്ധിഭവന്റെ ആസ്ഥാനം. അഗതികള്‍ക്കായി അഗാധമായ ഉള്‍ക്കാഴ്ചയോടെ സ്വയം സമര്‍പ്പിതമായ സ്ഥാപനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടുകുടുംബം. മതേതരത്വത്തിന്റെ മഹനീയ സ്ഥാപനം.

ജീവിതം നഷ്ടപ്പെട്ടവരുടെ ആലയമാണിത്. കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ളവര്‍ വിധിയുടെ ബലിമൃഗങ്ങളായി മാറുമ്പോള്‍ അഭയം തേടിയെത്തുന്ന ആലയം. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ ആയിരത്തിലേറെ പേര്‍ ഒന്നിച്ച് ഒരൊറ്റ കുടുംബമായി കഴിയുന്നു.

രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചശേഷം ജനസഹസ്രങ്ങളോടായി പറഞ്ഞു; ”ഗാന്ധിഭവന്‍ എന്നത് ഒരു ‘മിനി ഇന്ത്യ’യാണ്. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും പ്രതിരൂപങ്ങള്‍ ഇവിടെയുണ്ട്. സമത്വത്തിന്റെ പൂര്‍ണ്ണതയും മതേതരത്വത്തിന്റെ സൗന്ദര്യവും നിറഞ്ഞ ഈ ‘മിനി ഇന്ത്യ’ ഒരു മഹാത്ഭുതം തന്നെയാണ്. ഇവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. ഞാനിനിയും വരും.”

വീണ്ടും ഒരു സന്ദര്‍ശനത്തിന് കാലം അദ്ദേഹത്തെ അനുവദിച്ചില്ല. എന്നാല്‍ ആ ധന്യാത്മാവിന്റെ വചനങ്ങള്‍ കൂടുതല്‍ കൂടുതല്‍ അന്വര്‍ത്ഥമാക്കുകയാണ് ഗാന്ധിഭവന്‍.

ഒരു കൂരയ്ക്ക് കീഴിലെ അത്ഭുതലോകം

ആരോരുമില്ലാത്ത കുരുന്നുകള്‍

ഗാന്ധിഭവന്റെ പ്രവേശനകവാടത്തിന് മുമ്പിലെത്തുന്ന ഏതൊരാളിനും കേരളീയ പാരമ്പര്യത്തിന് അനുസൃതമായ ആതിഥ്യം ലഭിക്കും. തുടര്‍ന്ന് ഒരു കൂരയ്ക്ക് കീഴിലെ അത്ഭുതലോകത്തിലേക്കായിരിക്കും കടന്നുചെല്ലുക. ആദ്യം എത്തുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരുള്ള കുട്ടികളുടെ ലോകത്തിലേക്കാണ്. അവിടെ ചിത്രശലഭങ്ങളെപ്പോലെ പാറിനടക്കുന്ന കൈക്കുഞ്ഞുങ്ങളെയും അവരുടെ പരിചാരകരെയും കാണാം. ഗര്‍ഭിണികളായെത്തിയ അമ്മമാരുടെ കുഞ്ഞുങ്ങള്‍, പീഡനവിധേയരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍, ആശുപത്രികളില്‍ പ്രസവിച്ച് കിടന്നിട്ട് ഏറ്റെടുത്തുകൊണ്ടുപോകാനാളില്ലാതെ വന്നവരുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിഷ്‌കളങ്കതയുടെ ലോകമാണ് ഇവിടം.

നേതാജി ബ്ലോക്കും സബര്‍മതി വില്ലേജും

ശാരീരിക അവശതകളുള്ള യുവജനങ്ങളുടെ വാസകേന്ദ്രമാണിത്. കൈ, കാല്‍ നഷ്ടപ്പെട്ടവരും മറ്റ് രീതിയിലുള്ള അംഗഭംഗം സംഭവിച്ചവരും കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടവരുമൊക്കെയാണ് സബര്‍മതി വില്ലേജില്‍. പരസഹായമില്ലാതെ ഇവര്‍ക്ക് ഒരു കാര്യവും നിര്‍വ്വഹിക്കാനാവില്ല. ഈ വില്ലേജില്‍ ഒരു ദന്തല്‍ ക്ലിനിക്കും മെഡിക്കല്‍ സെന്ററും ബാര്‍ബര്‍ ഷോപ്പും പ്രവര്‍ത്തിക്കുന്നു.

ഗുരുകാരുണ്യമന്ദിരം

മൂന്ന് നിലകളിലുള്ള ഗുരുകാരുണ്യമന്ദിരത്തിന്റെ രണ്ട് നിലകളില്‍ നിരാലംബരായി അഭയം തേടിയ അമ്മമാരാണ് വസിക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയില്‍ ദമ്പതിമാരായ വയോജനങ്ങളും.

ജീസസ് ഭവന്‍

വനിതകള്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ വാര്‍ഡാണ് ജീസസ് ഭവന്‍. വിവിധ രോഗങ്ങള്‍ ബാധിച്ച വ്യത്യസ്ത പ്രായക്കാര്‍-104 വയസ്സുവരെയുള്ളവര്‍ ഇവിടെയുണ്ട്. ഇവിടെയും ശുശ്രൂഷകര്‍ ജാഗരൂകരായി രംഗത്തുണ്ട്.
ഈ വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മന്ദിരത്തിലാണ്. കൂടാതെ ഇവിടെ സമ്പൂര്‍ണ്ണ ചികിത്സ നല്‍കുന്ന ആയുര്‍വ്വേദ ക്ലിനിക്, സംസ്ഥാന ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയുള്ള ഹോമിയോ ക്ലിനിക്, അലോപ്പതി ഫാര്‍മസി, മികച്ച സൗകര്യങ്ങളുള്ള ക്ലിനിക്കില്‍ ലാബ് എന്നിവയും ഡോക്‌ടേഴ്‌സ് കണ്‍സള്‍ട്ടിംഗ് റൂമുകളും സജ്ജീകരിച്ചിരിക്കുന്നു.

ബത്‌ലഹേമും ജീവകാരുണ്യമന്ദിരവും

രണ്ട് നിലകളുള്ള ബത്‌ലഹേമില്‍ പുരുഷവയോജനങ്ങള്‍ വസിക്കുന്നു. ജീവകാരുണ്യമന്ദിരത്തിലെ താഴത്തെ രണ്ടു നിലകളിലും കിടപ്പുരോഗികളായ വയോജനങ്ങളാണ്. എഴുന്നേല്‍ക്കാനാകാതെ കിടക്കുന്ന പുരുഷന്മാര്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ വാര്‍ഡാണിത്. മൂന്നാമത്തെ നിലയില്‍ മനോനില തെറ്റിയ പുരുഷന്മാര്‍. രാപകല്‍ വ്യത്യാസമില്ലാതെ ശുശ്രൂഷകര്‍ ഇവര്‍ക്കൊപ്പമുണ്ട്.

മാതൃ-ശിശു ഷെല്‍ട്ടര്‍ഹോം

അന്നപൂര്‍ണ്ണാലയത്തിന്റെ മുകളിലെ രണ്ട് നിലകളിലുള്ള പ്രശാന്തിമന്ദിറില്‍ കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള കൊല്ലം ജില്ലാ ഷെല്‍ട്ടര്‍ഹോം പ്രവര്‍ത്തിക്കുന്നു. ഗാര്‍ഹികപീഡനം ഉള്‍പ്പെടെ വിവിധതരം കേസുകളുമായെത്തുന്ന അമ്മമാരും കുഞ്ഞുങ്ങളുമാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് സൗജന്യ നിയമസഹായം, ചികിത്സ, സമൃദ്ധമായ ഭക്ഷണം, വസ്ത്രം, തൊഴില്‍ പരിശീലനം, പഠനങ്ങള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

സേവനമേഖലകള്‍ വിപുലം, വ്യത്യസ്തം

സ്‌നേഹഗ്രാമം പഞ്ചായത്ത്

ലോകത്ത് ആദ്യമായിട്ടാണ് ഒരു അഗതിമന്ദിരത്തില്‍ അന്തേവാസികളുടെതായ ഒരു പഞ്ചായത്ത് രൂപവത്ക്കരിക്കപ്പെട്ടത്. സ്‌നേഹഗ്രാമം എന്നാണ് ഇതിന്റെ പേര്. ഇതൊരു സാങ്കല്പിക പഞ്ചായത്താണ്. തങ്ങളാരും അനാഥരല്ല, അധികാരികളാണ് എന്ന അവബോധം അന്തേവാസികളില്‍ വളര്‍ത്തുകയാണ് ഈ പഞ്ചായത്തിന്റെ ലക്ഷ്യം. സബര്‍മതി, ജീവകാരുണ്യം, ഷെല്‍ട്ടര്‍ഹോം, ഗുരുകാരുണ്യം, ജീസസ് ഭവന്‍, കാരുണ്യം, ബത്‌ലഹേം, പാറുവമ്മ വാര്‍ഡ് എന്നിങ്ങനെ എട്ട് വാര്‍ഡുകളാണ് പഞ്ചായത്തില്‍ ഉള്ളത്. ഈ വാര്‍ഡുകളില്‍ രഹസ്യബാലറ്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന എട്ട് പേരില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ ചെയര്‍മാന്‍ എന്നിവരെ തിരഞ്ഞെടുക്കുന്നു. അന്തേവാസികളുടെ ക്ഷേമം, സമൃദ്ധി, ശുശ്രൂഷ, അടിയന്തിര ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് പഞ്ചായത്തിന്റെ ചുമതല. ഇവിടെ കക്ഷിരാഷ്ട്രീയമില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക ചിഹ്നങ്ങള്‍ അനുവദിക്കാറുണ്ട്. ഒരു ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ കീഴില്‍ പൊതുതിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത്.

സ്വഛ്ഭാരതത്തിന് ഉത്തമ ദൃഷ്ടാന്തം

ശുചിത്വപരിപാലനത്തില്‍ പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിക്കുള്ള ഉത്തമദൃഷ്ടാന്തമാണ് ഗാന്ധിഭവന്‍. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ശുചിത്വപരിപാലനകേന്ദ്രമെന്ന അംഗീകാരം ഗാന്ധിഭവന് ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്, കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി ലൈസന്‍സ്, ജലപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, മാലിന്യസംസ്‌കരണത്തിന് ഇന്‍സുലേറ്ററുകള്‍, രണ്ട് മേജര്‍ ബയോഗ്യാസ് പ്ലാന്റുകള്‍, ഫുഡ് വേസ്റ്റ് ഉപയോഗപ്പെടുത്താന്‍ മത്സ്യം, കോഴി വളര്‍ത്തല്‍, ജൈവകൃഷി കമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഗാന്ധിഭവനില്‍ പ്രവര്‍ത്തിക്കുന്നു.

അക്ഷയ കിച്ചണ്‍

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അക്ഷയകിച്ചണില്‍ ഏത് സമയത്ത് എത്തുന്നവര്‍ക്കും സമൃദ്ധമായ ഭക്ഷണം ലഭ്യമാണ്. അത്ഭുതകരമായ ശുചീകരണസംവിധാനവും അത്യാധുനികസൗകര്യങ്ങളുമാണ് ഇതിന്റെ പ്രത്യേകത. ഇവിടെ പാചകം ചെയ്യുന്നത് സ്റ്റീം ഉപയോഗിച്ചാണ്. നാടന്‍ രുചിക്കൂട്ടുകളും ജൈവപച്ചക്കറികളും ഉപയോഗിച്ചാണ് പാചകം. എല്ലാ ദിവസവും ഗാന്ധിഭവന്‍ കുടുംബാംഗങ്ങളടക്കം 1500 പേര്‍ക്ക് ഭക്ഷണം ഒരുക്കുന്നു. പരിപ്പ്, പപ്പടം, പ്രഥമന്‍ സഹിതമുള്ള സദ്യ വാഴയിലയില്‍ വിളമ്പുന്നു. കൂടാതെ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യമാംസാദികളും ഉണ്ടാകും. കിച്ചനോട് ചേര്‍ന്നുള്ള ശുചിത്വപൂര്‍ണ്ണമായ ഭക്ഷണശാലയാണ് അന്നപൂര്‍ണ്ണാലയം.

കല, സംസ്‌കാരം

കേരള സംഗീത നാടക അക്കാദമിയുടെ സെന്റര്‍ കൂടിയാണ് ഗാന്ധിഭവന്‍. അക്കാദമി സ്‌പോണ്‍സര്‍ ചെയ്യുന്ന നാടകങ്ങളും മറ്റ് കലാപരിപാടികളും നിരന്തരം അരങ്ങേറുന്നു. സാഹിത്യസെമിനാറുകള്‍, സംവാദങ്ങള്‍, നിയമബോധവത്കരണം, പ്രകൃതിസംരക്ഷണ-ശുചിത്വ ബോധവത്കരണം, ആരോഗ്യസെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും തുടര്‍ച്ചയായി നടന്നുവരുന്നു.

സ്‌നേഹരാജ്യം മാസിക

മലയാളത്തിലെ പ്രഥമ ജീവകാരുണ്യമാസികയായ ‘ഗാന്ധിഭവന്‍ സ്‌നേഹരാജ്യം’ 2007 നവംബറിലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജിംഗ് ഡയറക്ടറുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കേരളത്തിന്റെ സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയരംഗങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും വിധം മുന്നേറുകയാണ് സ്‌നേഹരാജ്യം. ലക്ഷക്കണക്കിന് വായനക്കാര്‍ കാത്തിരുന്ന് സ്വീകരിക്കുന്ന പ്രസിദ്ധീകരണമാണിത്.

പ്രാര്‍ത്ഥനകളോടെ സര്‍വ്വമതസംഗമം

ഗാന്ധിഭവനില്‍ ഒരു ദിവസം ആരംഭിക്കുന്നത് പ്രാര്‍ത്ഥനകളോടെയാണ്. എല്ലാ മതങ്ങളുടെയും പ്രാര്‍ത്ഥന ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്ക് അവരവരുടെ വിശ്വാസപ്രകാരം പ്രാര്‍ത്ഥിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പകല്‍ 11 മണി മുതലുള്ള പ്രാര്‍ത്ഥനയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വന്നെത്താറുണ്ട്. പുതിയ പുതിയ ഉദ്‌ബോധനങ്ങളില്ലാതെ ഒരു ദിവസവും കടന്നുപോകാറില്ല. വൈകുന്നേരവും രാത്രിയിലുമുണ്ട് പ്രാര്‍ത്ഥനകള്‍.

എല്ലാവര്‍ക്കും ഭക്ഷണം

ഏത് സമയത്ത് എത്തുന്നവര്‍ക്കും അന്നം നല്‍കുക എന്നത് ഗാന്ധിഭവന്റെ മുഖ്യകര്‍മ്മപദ്ധതിയാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് വാഴയിലയില്‍ കേരളസദ്യ നല്‍കുന്നു. അന്നദാനം നിര്‍വ്വഹിക്കുന്നവരുടെ താത്പര്യമനുസരിച്ച് മത്സ്യ-മാംസ ആഹാരങ്ങളും ഉണ്ടാകും. ഏറ്റവും ശുചിത്വപൂര്‍ണ്ണമായ പശ്ചാത്തലത്തില്‍ സ്റ്റീം സംവിധാനം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്.

അന്തേവാസികളുടെ ഉത്പന്നങ്ങള്‍

ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ വിവിധതരം കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നുണ്ട്. ചന്ദനത്തിരി, സോപ്പ്, സുഗന്ധലോഷനുകള്‍, ഉപയോഗശൂന്യമായ തുണി ഉപയോഗിച്ച് നിര്‍മ്മിച്ച ചവുട്ടികള്‍, പേള്‍ ആഭരണങ്ങള്‍, പേപ്പര്‍ കവറുകള്‍, ബാഗുകള്‍ മുതലായവ. ഗാന്ധിഭവന്‍ അങ്കണത്തിലുള്ള സമൃദ്ധി സ്റ്റാളിലൂടെ ഈ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നു.

ടെയ്‌ലറിംഗ് യൂണിറ്റ്

ഓര്‍ഡര്‍ പ്രകാരം തയ്യല്‍ ജോലികള്‍ നിര്‍വ്വഹിച്ചുവരുന്ന ഒരു ടെയ്‌ലറിംഗ് യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. സൗജന്യമായി തയ്യല്‍ പരിശീനവും ഇവിടെ നല്‍കിവരുന്നു.

കാര്‍ഷികപദ്ധതികള്‍

ജൈവകൃഷി പരിപോഷണകേന്ദ്രം കൂടിയാണ് ഗാന്ധിഭവന്‍. കപ്പ, ഏത്തവാഴ, ചേന, കാച്ചില്‍, ചേമ്പ്, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവ ഏറ്റവും മികച്ച രീതിയില്‍ കൃഷിചെയ്ത് വിളവെടുക്കുന്നു. കൃഷിവകുപ്പിന്റെ സഹകരണത്തോടെ കാര്‍ഷികവിജ്ഞാനമുള്ള ഗാന്ധിഭവന്‍ പ്രവര്‍ത്തകരാണ് ഏതാണ്ട് രണ്ട് ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി നടത്തുന്നത്.

യോഗ, സംഗീതം

കുഞ്ഞുങ്ങള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് എല്ലാ ദിവസവും യോഗ-മ്യൂസിക് തെറാപ്പി, കായികാഭ്യാസം എന്നിവ നല്‍കിവരുന്നു. ശാരീരികവൈകല്യങ്ങള്‍ ഉള്ളവര്‍ക്കായി വിദഗ്ദ്ധ ഫിസിയോതെറാപ്പിസ്റ്റുകളുടെ കീഴില്‍ ഫിസിയോതെറാപ്പിയും നല്‍കിവരുന്നു.

ഗാന്ധിഭവന്‍ ലൈബ്രറി

കേരള ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഗാന്ധിഭവന്‍ ലൈബ്രറിയില്‍  ഏഴായിരത്തില്‍പ്പരം ഗ്രന്ഥങ്ങളുണ്ട്. അന്‍പതോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ എത്തിച്ചേരുന്നു. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിനോദ-വിജ്ഞാനപരിപാടികളും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചുവരുന്നു.

ശാന്തിസത്രവും ശാന്തവും

മരണപ്പെടുന്നവരെ സംസ്‌കരിക്കാന്‍ നിയമാനുമതി ലഭിക്കും വരെ മൃതദേഹം സൂക്ഷിക്കാനുള്ള ശാന്തിസത്രവും ഇവിടെയുണ്ട്. മടക്കയാത്രയിലെ വിശ്രമകേന്ദ്രം. സ്‌നേഹത്തണല്‍, ഹാജി ഹുസൈന്‍ സാഹിബ് ഭവനം, ഡോ. എം.എസ്. ജയപ്രകാശ് ഭവനം, പാലാഴി ഭാസ്‌കരന്‍ ഭവനം എന്നീ പേരുകളിലുള്ള കെട്ടിടങ്ങള്‍ ഇവിടെയാണ്. തിരികെ വരുമ്പോള്‍ കാണാം ശാന്തം സ്‌പെഷ്യല്‍ കെയര്‍ വാര്‍ഡ്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പ്രത്യേക പരിചരണം നല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൂമരച്ചില്ല

സൗഭാഗ്യസമ്പൂര്‍ണ്ണമായ ജീവിതത്തിനിടയില്‍ പുറന്തള്ളപ്പെട്ട നിരാലംബരായ അമ്മമാരാണ് പൂമരച്ചില്ലയില്‍ ചേക്കേറിയിട്ടുള്ളത്. ഇവിടെ ഓരോ അമ്മയ്ക്കുമുണ്ട് പറഞ്ഞാല്‍ തീരാത്ത കഥകള്‍. അണുകുടുംബവ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിനിടയില്‍ കേരളീയ സമൂഹത്തിനുണ്ടായ അപചയത്തിന് ദൃഷ്ടാന്തങ്ങളാണ് ഈ അമ്മമാര്‍.

ചിറകില്ലാ പക്ഷിക്കൂട്

ഭിന്നശേഷിക്കാരായ വനിതകളുടെ വാസസ്ഥലമാണിത്. ഭിന്നശേഷി ഒരു വ്യക്തിയുടെ ജീവിതത്തിന് വൈകല്യമാകാത്ത നിലയിലുള്ള പുനരധിവാസം.

പാറുഅമ്മ പാലസ്

ഗാന്ധിഭവനിലെ ആദ്യത്തെ അന്തേവാസിയായിരുന്ന പാറുക്കുട്ടിഅമ്മയുടെ സ്മരണയ്ക്കായുള്ള സന്ദര്‍ശകമുറിയാണിത്. ആ മാന്യമഹതിയുടെ പാദസ്പര്‍ശത്തിന്റെ പുണ്യം കൊണ്ടാകാം ആയിരക്കണക്കിന് അഗതികള്‍ക്ക് ആശ്രയകേന്ദ്രമായി ഗാന്ധിഭവന്‍ മാറിയത്.

ഡോ.​ പുനലൂര്‍ സോമരാജന്റെ സ്വപ്നസാക്ഷാത്കാരം

പുനലൂര്‍ സോമരാജന്‍ എന്ന വ്യക്തിയുടെ ജീവകാരുണ്യ ചിന്തയില്‍ നിന്നാണ് ഗാന്ധിഭവന്‍ എന്ന മഹാപ്രസ്ഥാനം നാമ്പെടുത്തത്. കൊല്ലം ജില്ലയില്‍ പുനലൂരിലെ ഒരു ഗ്രാമത്തില്‍ ജനിച്ച സോമരാജന്റെ മാതാവ് ശാരദ അദ്ദേഹം എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ മരണമടഞ്ഞു. വേദപുരാണങ്ങളിലൊക്കെ സാമാന്യജ്ഞാനം നേടിയിരുന്ന മാതാവ് ദാനശീലയായിരുന്നു. നഗരസഭാ ജീവനക്കാരനായിരുന്ന പിതാവ് ചെല്ലപ്പനും ഇതേ ശീലക്കാരനായിരുന്നു. തെരുവില്‍ അലഞ്ഞുതിരിഞ്ഞ മാനസികരോഗികളെയും മറ്റും വീട്ടില്‍ കൊണ്ടുവന്ന് മുടിവെട്ടി കുളിപ്പിച്ച് ശുചിയാക്കി വസ്ത്രവും ഭക്ഷണവും നല്‍കുന്നത് പിതാവ് പതിവാക്കിയിരുന്നു. അങ്ങനെ മാതാപിതാക്കളില്‍ നിന്നും കിട്ടിയ പൈതൃകസ്വത്താണ് സോമരാജന്റെ ഹൃദയത്തില്‍ നിറഞ്ഞ ജീവകാരുണ്യം. ഒരു വ്യക്തിയെ അനാഥനാക്കുന്നത് എന്താണ് എന്ന ചോദ്യം കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നു. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഗാന്ധിഭവന്റെ രൂപവത്ക്കരണത്തില്‍ കലാശിച്ചത്.

ഗാന്ധിഭവന്റെ മറ്റ് സ്ഥാപനങ്ങൾ

കൊല്ലം ജില്ലയിലെ കരീപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ശരണാലയത്തില്‍ ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു.

മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങി ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയും ബോധവത്കരണവും നല്‍കി യോഗ-മെഡിറ്റേഷന്‍, ഫാമിലി കൗണ്‍സിലിംഗ്, മികച്ച ഭക്ഷണം, വിനോദവിജ്ഞാന പരിപാടികള്‍.

സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് തുച്ഛമായ ഫീസില്‍ പഠിക്കാന്‍ ഇവിടെ അവസരമുണ്ട്. പരീക്ഷകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കേന്ദ്ര സര്‍ക്കാരാണ്.

ഭിന്നശേഷിയുള്ള 218 കുട്ടികളാണ് ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്. മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങി ഭിന്നശേഷിയുള്ളവരാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍.

ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് ആയാപറമ്പില്‍ വയോജനങ്ങള്‍ക്കായുള്ള ഗാന്ധിഭവന്‍ സ്‌നേഹവീട് പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ നിരാലംബരായ 30 സ്ത്രീ-പുരുഷ വയോജനങ്ങളാണ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലുള്ളത്.

ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.

ന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.

ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.